പോത്തിനെ ചാരി എരുമയെ വെട്ടുക എന്നൊരു ചൊല്ല് മലയാള ദേശത്തെ ചില നാട്ടു പ്രദേശങ്ങളിൽ ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റ് പിടിക്കാൻ നടക്കുന്ന യുഡിഎഫിന് 110 സീറ്റ് പിടിച്ച് പരാജയപ്പെടുത്തുമെന്ന് കൂറ്റൻ പ്രഖ്യാപനവുമായി സിപിഎം വിജയൻ ഗ്രൂപ്പ് രംഗത്ത് വന്നത് എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ. ഇക്കൂടെ മറ്റൊരു സ്ഥാനാർത്ഥി പ്രഖ്യാപനവും കൂടി വിജയൻ ഗ്രൂപ്പ് തങ്ങളുടെ കൈവശമുള്ള മാരീചൻ മീഡിയകൾ വഴി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. കെപിസിസി പ്രസിഡണ്ട് കൂടിയായ പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ നേരിടാൻ മാധ്യമ മുതലാളി സാക്ഷാൽ ജോൺ ബ്രിട്ടാസ് ഗോദയിൽ ഇറങ്ങും എന്ന പ്രചാരണമാണ് മാധ്യമങ്ങൾ പടച്ചിറക്കുന്നത്. ഡൽഹിയിൽ സിപിഎമ്മിലെ വിജയൻ ഗ്രൂപ്പും ബിജെപിയും തമ്മിലുള്ള പാലമായി വിജയകരമായി പ്രവർത്തിച്ചുവരുന്ന ജോൺ ബ്രിട്ടാസ് കണ്ണൂരിലെ മലയോരമായ പേരാവൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ എത്തുക എന്നത് അത്ര സാധാരണമായ വിഷയമായി പരിഗണിക്കാൻ ആകുമോ? ഇല്ല എന്നാണ് വെറും സാധാരണ രാഷ്ട്രീയ ബുദ്ധിയുള്ള നിരീക്ഷകൻ ഒക്കെ നിരീക്ഷിച്ചു വയ്ക്കുന്നത്. എന്നാൽ അപ സർപ്പകഥകൾ വാർത്തകളായി മെനഞ്ഞു ഉണ്ടാക്കുന്ന കേരളത്തിലെ സാമാന്യ ബോധം മാറ്റിവച്ച ചില മാധ്യമങ്ങളും ഇടത് അടിമകളായ ഓൺലൈൻ മാധ്യമങ്ങളും അടങ്ങുന്ന വിജയൻസ് മാരിജൻ മാധ്യമ സിൻഡിക്കേറ്റ് പക്ഷേ പേരാവൂരിൽ ബ്രിട്ടാസിൽ തന്നെ സ്ഥാനാർത്ഥിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ഇപ്പോൾ ഉള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുമ്പോൾ ബ്രിട്ടാസ് ഡൽഹിയിലെ ബിജെപി- സിപിഎം ബ്രിഡ്ജ് ആയി തന്നെ നിലനിൽക്കുകയും പകരം പേരാവൂർ നിയോജക മണ്ഡലം കാരൻ തന്നെയായ മറ്റൊരാൾ സണ്ണി ജോസഫിനെതിരെ രംഗത്ത് വരികയും ചെയ്യുന്ന കാഴ്ചയാകും ഉണ്ടാവുക എന്നാണ് രാഷ്ട്രീയ സ്വതന്ത്ര നിരീക്ഷകർ കണക്കുകൂട്ടുന്നത്. ഈ രാഷ്ട്രീയ നിരീക്ഷകർ സണ്ണി ജോസഫിന്റെ എതിരാളിയായി കണക്കുകൂട്ടുന്നത് ജോൺ ബ്രിട്ടാസിനെ അല്ല പകരം ഡോക്ടർ വി ശിവദാസൻ എംപിയെ ആണ്. സണ്ണി ജോസഫിന് ഒത്ത എതിരാളിയെ കിട്ടുക എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബാലികേറാ മലയാണ്. കേരളത്തിൽ ഉമ്മൻചാണ്ടി കഴിഞ്ഞാൽ ഏറ്റവും ജനകീയനായ ജനപ്രതിനിധി എന്ന പേര് കേട്ടിട്ടുള്ള വ്യക്തിയാണ് അഡ്വക്കേറ്റ് സണ്ണി ജോസഫ്. സിപിഎമ്മിലെ അടിമ സഖാക്കൾ പലതും പറഞ്ഞ് സണ്ണി ജോസഫിനെ പരിഹസിക്കാറുണ്ടെങ്കിലും വിജയനറിയാം സണ്ണിയുടെ കഴിവിൻ്റ വ്യാപ്തിയും അളവും എന്നുള്ളത് കൊണ്ട് ഏതെങ്കിലും ഒരു ബ്രിട്ടാസിനെ കൊണ്ടുവന്നിട്ട് സണ്ണി ജോസഫിനെ തോൽപ്പിക്കാം എന്ന് അടിമ സഖാക്കൾ അല്ലാതെ തന്ത്രജ്ഞനായ വിജയൻ കരുതുന്നില്ല. പ്രത്യേകിച്ച് ഡൽഹിയിൽ ബിജെപി ക്കും സിപിഎമ്മിലെ വിജയൻ ഗ്രൂപ്പിനും ഇടയിൽ പാലവും മാമയും ഇടക്കാരനും ബ്രോക്കറും കമ്മീഷൻ ഏജന്റും ഒക്കെയായി പ്രവർത്തിക്കാൻ കഴിവുള്ള ബ്രിട്ടാസിനെ കൊണ്ടുവന്ന് കേരളം എന്ന ഇട്ടാവട്ടത്തിലെ പേരാവൂരിൽ സണ്ണി ജോസഫിനെതിരെ മത്സരിക്കാൻ ഇട്ടു കൊടുക്കാൻ മാത്രം വിജയൻ്റെ കാഞ്ഞബുദ്ധിക്ക് കുഴപ്പം വന്നിട്ടില്ല. സിപിഎമ്മിലെ വിജയൻ വിഭാഗത്തിന്റെ അന്തിമലക്ഷ്യം തന്നെ ബിജെപിയുടെ മാളത്തിൽ എത്തിച്ചേരുകയും അവിടെ ആധിപത്യം ഉറപ്പിച്ച് കേരളത്തെ മോദിക്ക് സംഭാവന ചെയ്യുകയും ചെയ്യുക എന്നുള്ളതായതിനാൽ അക്കാര്യത്തിൽ സാങ്കേതിക സഹായങ്ങൾ ചെയ്യാനുള്ള ബ്രിട്ടാസിനെ പേരാവൂരിൽ കൊണ്ടുവന്ന മത്സരിപ്പിച്ച് എംഎൽഎ ആക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് വിജയന് അറിയാം. അപ്പോൾ പോത്തിനെ ചാരി എരുമയെ വെട്ടുക എന്ന പഴഞ്ചൻ മാടമ്പി ചൊല്ല് തന്നെ നടപ്പിലാക്കുകയാണ് വിജയൻ. സണ്ണി ജോസഫിനെതിരെ മത്സരിക്കാനുള്ള സ്ഥാനാർഥിയെ മൂന്നുവർഷം മുമ്പ് തന്നെ വിജയൻ കണ്ടെത്തി പരുവപ്പെടുത്തി കൊണ്ടുവരികയായിരുന്നു. ആ സ്ഥാനാർഥിയാണ് ഡോക്ടർ വി ശിവദാസൻ. സണ്ണി ജോസഫിന്റെ പേരാവൂർ നിയോജക മണ്ഡലം കാരൻ തന്നെയാണ് ഡോക്ടർ വി. ശിവദാസൻ. ജനകീയനായ സണ്ണിക്കെതിരെ ജനകീയ മുഖമുള്ള മറ്റൊരാളെ രംഗത്തിറക്കണമെന്ന് ആഗ്രഹപ്രകാരം ആണ് ശിവദാസനെ വിജയൻ കഴിഞ്ഞ മൂന്നു വർഷമായി ഒരുക്കി എടുക്കുന്നത്. രാജ്യസഭയിൽ എംപി സ്ഥാനം കൊടുക്കുകയും ആ സൗകര്യം ഉപയോഗിച്ച് മണ്ഡലത്തിൽ പലതരം സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒരുക്കുകയും ചെയ്താണ് കഴിഞ്ഞ മൂന്നു വർഷമായി ശിവദാസനും വിജയനും വളരെ തന്ത്രപൂർവ്വം നിശബ്ദമായി കാര്യങ്ങൾ നീക്കിക്കൊണ്ടിരുന്നത്. എംപി ഫണ്ടിൽ നിന്ന് സഹായങ്ങൾ വിതരണം ചെയ്യുകയും അവയൊക്കെ കക്ഷിരാഷ്ട്രീയഭേദമെന്യേ വാഴ്ത്തപ്പെടും വിധത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന പണിയാണ് ഇതുവരെ ചെയ്തുവന്നത്. എന്നാൽ പെട്ടെന്നൊരു ദിവസം മുന്നണികളുടെ സീറ്റ് മത്സരം ഉയർന്നു വന്നതോടെ 100 - 110 വാഗ്വാദങ്ങൾക്കിടയിൽ രഹസ്യമാക്കി വച്ചിരുന്ന ശിവദാസന്റെ രംഗപ്രവേശം കൂടി ഉണ്ടാകുമോ എന്ന് സിപിഎം വിജയൻ പക്ഷം ഭയപ്പെട്ടു. തിരഞ്ഞെടുപ്പ് വരെ ശിവദാസന്റെ പേര് പരാമർശിക്കാതെ മുന്നോട്ടുപോകാനാണ് വിജയൻ പക്ഷം ശ്രദ്ധിച്ചിരുന്നതെങ്കിൽ ആ രഹസ്യം പൊളിയുമോ എന്ന ഭയമുണ്ടായപ്പോഴാണ് ഡൽഹിയിലെ ആ മഹത്തായ പാലത്തിൻറെ പേര് പാർട്ടിയുടെ അടിമ മാധ്യമങ്ങളിലൂടെ വിജയൻ പുറത്തേക്ക് വിട്ടത്. ബ്രിട്ടാസിന് ചില പേരാവൂർ കണക്ഷൻസ് ഉള്ളത് ഗീബൽസിയൻ കമ്യൂണിസ്റ്റുകൾക്ക് സൗകര്യമായി. ന്യായീകരണ തൊഴിലാളികൾക്ക് പറയാൻ ബ്രിട്ടാസിനും കണ്ണൂർ പേരാവൂർ ബന്ധങ്ങൾ ഉണ്ടെങ്കിലും ബ്രിട്ടാസിനെ പറ്റി പേരാവൂരിലെയും കണ്ണൂരിലെയും ഒറിജിനൽ സഖാക്കൾക്ക് വലിയ മതിപ്പൊന്നുമില്ല. അതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ടത് ബ്രിട്ടാസിന്റെ മേലുള്ള ചില ബ്ലാക്ക് മാർക്കുകളാണ്. ഫാരിസ് അബൂബക്കറിനെ പോലെയുള്ള കളങ്കിത വ്യവസായികളുമായും മറ്റ് കളങ്കിത മാഫിയ മാധ്യമ സിൻഡിക്കേറ്റുകളുമായും ചേർന്ന് പ്രവർത്തിക്കുകയും ഇടനിലക്കാരനായി വർത്തിക്കുകയും ചെയ്തു വന്നിരുന്ന ഒരു മാധ്യമപ്രവർത്തകൻ എന്ന് മാത്രമാണ് ജില്ലയിലെ സാധാരണ സിപിഎം പ്രവർത്തകർക്ക് ബ്രിട്ടാസിനെ പറ്റിയുള്ള കാഴ്ചപ്പാട്. ഉന്നത വിദ്യാഭ്യാസം നേടിയ പേരാവൂരിലെ വോട്ടർമാർ ബ്രിട്ടാസ് എന്ന മുതലാളിത്ത അഹങ്കാരമുള്ള ഒരു വ്യാജ കമ്യൂണിസ്റ്റിനെ ഇതിനകം തന്നെ വിലയിരുത്തി ക്കഴിഞ്ഞിട്ടുള്ളതാണ്. വില കൂടിയ ജീവിത ശൈലിച്ചുള്ള, സാധാരണ തൊഴിലാളികളുമായി ബന്ധപ്പെടാൻ വിമുഖത മാത്രം കഴിഞ്ഞ കാൽനൂറ്റാണ്ട് കാണിച്ചിട്ടുള്ള ബ്രിട്ടാസിനെ ജനകീയനാക്കണമെങ്കിൽ പാർട്ടി കുറച്ചധികം ക്യൂട്ടിക്കുറ പൗഡർ ഡപ്പികൾ കരുതേണ്ടി വരുമെന്ന് ഇപ്പോൾ തന്നെ ചൂരും ചുണയുമുള്ള ഒറിജിനൽ കമ്യുണിസ്റ്റുകൾ പറഞ്ഞു കഴിഞ്ഞു. പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോൾ പാർട്ടിയിലെ മുഖ്യ എതിരാളിയും കമ്മ്യൂണിസ്റ്റ് ലെജന്റുമായ സാക്ഷാൽ സഖാവ് വിഎസ് അച്യുതാനന്ദനെ നേരിടാൻ രംഗത്തിറക്കിയത് കളങ്കിത വ്യവസായി ഫാരിസ് അബൂബക്കറിനെയാണ്. അതിന് വിജയനെ സഹായിച്ചത് സാക്ഷാൽ ജോൺ ബ്രിട്ടാസ് ആയിരുന്നു. ഒരു 15 വർഷത്തെ എങ്കിലും രാഷ്ട്രീയ സ്മരണ നശിക്കാത്ത കമ്മ്യൂണിസ്റ്റുകൾക്ക് ഇക്കാര്യം നന്നായി അറിയാം. പാർട്ടി ഫണ്ടിലേക്ക് ലോട്ടറി മാഫിയക്കാരന്റെയും മാഫിയ വ്യവസായികളുടെയും സംഭാവനകൾ കുത്തിയൊഴുകി എത്തിയപ്പോൾ അതിനെതിരെ രംഗത്ത് വന്ന വിഎസ് അച്യുതാനന്ദൻ അന്ന് ഉപയോഗിച്ച ഒരു വാചകം ഇന്നും നല്ല കമ്യൂണിസ്റ്റുകളുടെ മനസ്സിൽ ഉയർന്നു നിൽപ്പുണ്ടാകും. വെറുക്കപ്പെട്ടവരുടെ പണം പാർട്ടിക്ക് ആവശ്യമില്ല എന്നായിരുന്നു ആ പ്രഖ്യാപനം. ആ പ്രയോഗത്തിൽ വിഎസ് കൃത്യമായി ഉദ്ദേശിച്ചത് ഫാരിസ് അബൂബക്കർ എന്ന ദുരൂഹ വ്യവസായിയിൽ നിന്നും പാർട്ടി ഫണ്ട് കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് തന്നെയായിരുന്നു. മാധ്യമങ്ങളിൽ പാരീസ് അബൂബക്കറിന്റെ ദുരൂഹതകളെ കുറിച്ച് നിരന്തര വാർത്തകൾ പ്രത്യക്ഷപ്പെട്ടപ്പോൾ വിഎസിനെ നേരിടാൻ വിജയൻ നേരിട്ട് ഇറക്കിയത് സാക്ഷാൽ ജോൺ ബ്രിട്ടാസ് എന്ന കൈരളിയുടെ ബിനാമി മുതലാളിയെ ആണ്. വിഎസിനെ കടന്നാക്രമിച്ച് അന്ന് കൈരളി ടിവിയിൽ ഇരുന്ന് ഫാരിസ് അബൂബക്കറും ജോൺ ബ്രിട്ടാസും കുലുങ്ങി ചിരിച്ചതും പുച്ഛിച്ചുതള്ളിയതും സാക്ഷാൽ ഒറിജിനൽ കമ്മ്യൂണിസ്റ്റുകൾ മറക്കില്ല എന്ന് വിജയന് അറിയാം. അതിനാൽ തന്നെ ഫാരിസ് അബൂബക്കറിനെ പോലെ തന്നെ ദുരൂഹനായ ഈ മാധ്യമ സിൻഡിക്കേറ്റ് തലവനെ പേരാവൂരിൽ ജനകീയനായ സണ്ണി ജോസഫിന് എതിരാളിയായി വിട്ടാൽ എട്ടു നിലയിൽ പൊട്ടും എന്ന് ഉറപ്പാണ്. മാത്രമല്ല വിജയനൊപ്പം മുതലാളിത്തത്തിന്റെ പേരിൽ സഞ്ചരിക്കുന്ന അപ്രഖ്യാപിത മുതലാളി കൂടിയായ ജോൺ ബ്രിട്ടാസ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധനാണെന്ന് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് നന്നായി അറിയാം, വലതുപക്ഷ വർഗീയ രാഷ്ട്രീയ കച്ചവടത്തിൽ ജോൺ ബ്രിട്ടാസിനുള്ള സാധ്യത അറിയാവുന്ന വിജയൻ ബ്രിട്ടാസിനെ അഥവാ ഇനി പേരാവൂരിൽ ഇറക്കണമെങ്കിൽ തന്നെ കോടികൾ അമ്മാനമാടേണ്ടി വരും എന്നും തിരിച്ചറിയുന്നുണ്ട്. എന്നിട്ടും ബ്രിട്ടാസ് പേരാവൂരിൽ പരാജയപ്പെടാനുള്ള സാധ്യത 70% ത്തിന് മുകളിലാണ് എന്നുള്ളതിനാൽ അത്തരമൊരു പരീക്ഷണത്തിന് വിജയൻ മുതിരില്ല. ഡൽഹിയിൽ ബിജെപി സഖ്യ പൊളിറ്റിക്കൽ കച്ചവടത്തിന് സാധ്യതയുണ്ടായിരിക്കെ അത് കളഞ്ഞ് അതിൻറെ ബ്രോക്കറെ പേരാവൂരിൽ കൊണ്ടുവന്ന മത്സരിപ്പിക്കണമെങ്കിൽ അത്രയ്ക്ക് ബുദ്ധിയില്ലാത്തവൻ ആണ് വിജയൻ എന്ന് കരുതുന്നവരെ സമ്മതിക്കണം. അപ്പോൾ പിന്നെ ആരായിരിക്കണം സണ്ണി ജോസഫിന് എതിരാളി? പാവം സഖാക്കളെ പറ്റിക്കാൻ ജനകീയ മുഖം ധരിച്ച ഒരാൾ സിപിഎമ്മിന് ആവശ്യമാണ്. ആ മുഖമുള്ള ഒരാളെ വിജയൻ ഒരുക്കി നിർത്തിയതാണ് സാക്ഷാൽ ഡോക്ടർ വി ശിവദാസൻ. വളരെ ദരിദ്രമായ കുടുംബത്തിൽ നിന്ന് വളരുകയും ചെറുപ്പം മുതൽ സിപിഎം രാഷ്ട്രീയ പാരമ്പര്യത്തെ പിന്തുടരുകയും ഉന്നത വിദ്യാഭ്യാസം നേടുകയും ലളിതമായ ശൈലിയും ഇടപെടലുമായി ജനമധ്യത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ശിവദാസൻ തന്നെയായിരിക്കണം പേരാവൂരിലെ ഇടതു സ്ഥാനാർഥി എന്ന് കണക്കുകൂട്ടി ഒരുക്കി വെച്ചിരിക്കുകയായിരുന്നു ഇതുവരെ. പേരാവൂർ മണ്ഡലത്തിലെ പാർട്ടി വേദികളിൽ ഡോക്ടർ ശിവദാസിനെ നിരന്തരം അവതരിപ്പിച്ചാണ് കഴിഞ്ഞ മൂന്നു വർഷമായി മലയോരത്ത് സിപിഎം പ്രവർത്തിക്കുന്നത്. ഏതു കോൺഗ്രസുകാരനും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു മുഖം ആയിരിക്കണം ശിവദാസന് ഉണ്ടായിരിക്കേണ്ടതെന്ന് വിജയൻ കണക്കുകൂട്ടി ഉറപ്പിച്ചിരുന്നു. പാർട്ടി ഊതി വീർപ്പിക്കും മുമ്പ് ഉണ്ടായിരുന്ന കെ.കെ.ശൈലജ ടീച്ചറമ്മയെ പരാജയപ്പെടുത്തിയാണ് 2011 ൽ സണ്ണി ജോസഫ് ആദ്യം എംഎൽഎ ആയത്. ആദ്യഘട്ടത്തിൽ തന്നെ ജനകീയ മുഖം ധരിച്ച സണ്ണി ജോസഫ് ഒരു ഒത്ത പ്രതിയോഗിയായി സിപിഎമ്മിന് മുമ്പിൽ അവതരിച്ചതോടെ അല്പം വർഗീയത മിക്സ് ചെയ്ത് ആയിരുന്നു രണ്ടാംഘട്ടം സ്ഥാനാർഥിയെ പേരാവൂരിൽ സിപിഎം പ്രഖ്യാപിച്ചത്. അത്തവണ സണ്ണി ജോസഫിന്റെ സമുദായത്തിൽ നിന്നു തന്നെ ഒരു സ്ഥാനാർത്ഥിയെ പെറുക്കിയെടുത്തു കൊണ്ടുവന്ന അവതരിപ്പിച്ചതാണ് സിപിഎം തെരഞ്ഞെടുപ്പിന് നേരിട്ടത്.
പക്ഷേ നീക്കം പാളി. സണ്ണി ജോസഫിന്റെ സമുദായക്കാരൻ ആയിരുന്നിട്ട് പോലും ബിനോയ് കുര്യന് സണ്ണി ജോസഫിന് തടയിടാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല സണ്ണി ജോസഫിന്റെ ഭൂരിപക്ഷം ക്രമാതീതമായി ഉയർത്തി കൊടുക്കുകയും ചെയ്തു. ഇതിനിടയിൽ ഉമ്മൻചാണ്ടിക്കൊപ്പം സണ്ണി ജോസഫിന്റെ ജനകീയ മുഖം കൂടുതൽ വ്യക്തമായി വരികയും ചെയ്തു. ഇതിനെ നേരിടാൻ മറ്റൊരു വർഗീയത കൂടി മിക്സ് ചെയ്താണ് സണ്ണിക്കെതിരെ മൂന്നാം തവണ സിപിഎം തന്ത്രം ഇറക്കിയത്. മൂന്നാം തവണത്തെ സ്ഥാനാർത്ഥി സക്കീർ ഹുസൈൻ ആയിരുന്നു. ലീഗിൽ നിന്ന് വിട്ടു അണികൾ അടപടലം എസ്ഡിപിഐയിലേക്കും ജമാഅത്ത് ഇസ്ലാമി ഗ്യാങ്ങുകളിലേക്ക് മാറിയ സാഹചര്യത്തിൽ സക്കീർ ഹുസൈൻ വിജയിച്ചു വരുമെന്ന് സിപിഎം കണക്കുകൂട്ടി. സിപിഎമ്മിന്റെ ഈ കണക്കുകൂട്ടൽ കൃത്യമായിരുന്നെങ്കിലും അവസാന നിമിഷത്തിൽ പാളി. പക്ഷേ സണ്ണി ജോസഫും കോൺഗ്രസ്സും ഒന്ന് ഞെട്ടി. കാരണം ഭൂരിപക്ഷം പകുതിയിലധികം കുറഞ്ഞ് ആദ്യ വട്ടത്തിലെ ഭൂരിപക്ഷത്തോളം എത്തിപ്പോയി. എന്നാൽ ഇത്തവണ ആ തെറ്റ് പറ്റാതിരിക്കാൻ തന്ത്രങ്ങൾ ഒരുക്കിയാണ് സിപിഎം മുന്നേറുന്നത്. ബ്രിട്ടാസിന്റെ ഡൽഹി ബന്ധത്തിനൊപ്പം എംപി ആയി തുടരുന്ന ഡോക്ടർ വി ശിവദാസൻ ബിജെപിക്കും ആർഎസ്എസിനും കൂടി താൽപര്യപ്പെടുന്ന ഒരു സ്ഥാനാർത്ഥിയായി പേരാവൂരിൽ രംഗപ്രവേശം ചെയ്താൽ സണ്ണി ജോസഫിനെ മലർത്തിയടിക്കാം എന്നാണ് വിജയനും കൂട്ടരും ഇത്തവണ ഒരുക്കുന്ന കളി. ബിജെപി മുന്നണിയുടെ സ്ഥാനാർഥിയായി ബിഡിജെഎസ് കാരെ അവതരിപ്പിച്ച് മുന്നിൽ നിർത്താം എങ്കിലും വോട്ടുകൾ ശിവദാസന്റെ പെട്ടിയിലേക്ക് വീഴ്ത്താൻ ആകും സിപിഎം ബിജെപി രഹസ്യ സഖ്യം ലക്ഷ്യമിടുന്നത്. എന്ന് പറഞ്ഞാൽ ഒരേസമയം ഒരേ രഹസ്യബന്ധത്തിൽ ഉള്ളവർ ഒരേ പണി തന്നെ ചെയ്യും എന്ന് സാരം , അതായത് ബിജെപിയും സിപിഎമ്മും പോത്തിനെ ചാരി എരുമയെ അടിക്കാൻ ആണ് ശ്രമിക്കുകയെന്ന് ചുരുക്കം. ബ്രിട്ടാസിനെ അവതരിപ്പിച്ച ശേഷം ശിവദാസനെ മത്സരിപ്പിച്ച് സിപിഎം തന്ത്രം ഒരുക്കുമ്പോൾ അതിന് തുണയായി ബിഡിജെഎസ് സ്ഥാനാർത്തിയെ അവതരിപ്പിച്ച് രംഗത്ത് വന്ന ശേഷം അടിയെ പാലം വലിച്ചു ബിജെപി വോട്ടുകൾ ശിവദാസന് എത്തിച്ചു കൊടുക്കുക എന്ന തന്ത്രം. അതിന് അവസരമൊരുക്കണമെങ്കിൽ ശിവദാസൻ്റെ പേര് നേരത്തേ പുറത്തു വരാൻ പാടില്ല. കാരണം സഖ്യം നേരത്തേ പുറത്തായാൽ പദ്ധതി പാളും. കാരണം അത്രയ്ക്ക് ഭയമാണ് സണ്ണി ജോസഫിനെ സിപിഎമ്മിന് ഇപ്പോൾ. അതിന് കാരണമുണ്ട്,മുൻപ് സണ്ണി ജോസഫ് ഒരു മുൻ ഡിസിസി സെക്രട്ടറിയോ ഡിസിസി പ്രസിഡണ്ട് മാത്രമായിരുന്നു എങ്കിൽ ഇത്തവണ പേരാവൂരിൽ മത്സരിക്കാൻ വരുന്ന സണ്ണി ജോസഫ് വെറുമൊരു എംഎൽഎയും കോൺഗ്രസുകാരനും അല്ല, മറിച്ച് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തലവൻ കൂടിയായ കെപിസിസി പ്രസിഡണ്ട് പദം അലങ്കരിക്കുന്ന നേതാവ് കൂടിയാണ് എന്നത് സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നു. മാത്രമല്ല വി ഡി സതീശൻ പ്രഖ്യാപിച്ചത് പോലെ ഇനി അഥവാ 100 സീറ്റ് പിടിച്ച് യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഒരുവേള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടി സണ്ണി ജോസഫ് എംഎൽഎ പരിഗണിക്കപ്പെട്ടു എന്നു വരാം. അത് അല്ലെങ്കിൽ പോലും തിരഞ്ഞെടുക്കപ്പെടുകയും യുഡിഎഫ് അധികാരത്തിൽ എത്തുകയും ചെയ്താൽ സുപ്രധാന വകുപ്പായ ആഭ്യന്തരമടക്കം സണ്ണി ജോസഫിന്റെ കൈകളിൽ എത്താനുള്ള സാധ്യതയും സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. കാരണം എല്ലാ കാലത്തും സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുവായ സാക്ഷാൽ കെ സുധാകരന്റെ ഉറ്റ സുഹൃത്തും ഉപദേശകനും സഹോദരതുല്യനും സന്തത സഹചാരിയുമാ സണ്ണി ജോസഫ് രാഷ്ട്രീയ കേരളത്തിന് മാത്രമല്ല ദേശീയ രാഷ്ട്രീയത്തിന് പോലും കൃത്യമായി അറിവുള്ള വ്യക്തിത്വം കൂടിയാണ്. സിപിഎമ്മിനെ നേരിടുന്നതിൽ അല്പം മയം സണ്ണി ജോസഫ് കാണിക്കുമെന്ന് പറഞ്ഞാലും പിന്നിൽ കെ സുധാകരൻ സജീവമായി ഉള്ളിടത്തോളം ഒരു ദയയും തങ്ങൾക്ക് കിട്ടില്ല എന്ന് സിപിഎമ്മിന് കൃത്യമായി അറിയാം. അതിനാൽ തന്നെ സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ ഏതു ലെവൽ വരെ താഴോട്ടുപോയും സിപിഎം തന്ത്രങ്ങൾ മെനയുമെന്ന് ഉറപ്പാണ്. പക്ഷേ ഇത്തവണ ബിജെപിയെ കൂടെ ആശ്രയിച്ചുകൊണ്ട് സണ്ണി ജോസഫിനെ പരാജയപ്പെടുത്താമെന്നാണ് സിപിഎം ധാരണയിൽ എത്തിയിട്ടുള്ളത്. അതിന് പറ്റുന്ന ഒരു സ്ഥാനാർഥിയായി ശിവദാസനെ അവതരിപ്പിക്കാൻ ഇരിക്കെയാണ് സീറ്റ് എണ്ണം പറഞ്ഞുള്ള തർക്കങ്ങൾ സജീവമായത്. അവിടെ തങ്ങൾ ഇറക്കാൻ പോകുന്ന കാർഡ് നേരത്തെ പുറത്തു വരുമോ എന്ന് ഭയപ്പെട്ടാണ് ബ്രിട്ടാസ് എന്ന ഡൽഹി പാലത്തെ പേരാവൂരിലേക്ക് ചുമന്നുകൊണ്ടുവന്ന് സിപിഎം അവതരിപ്പിക്കുന്നത്. രഹസ്യമായി കമഴ്ത്തി വച്ച തുരുപ്പ് ചീട്ട് പുറത്തായി നാണംകെട്ടാൽ മാത്രമാകും ബ്രിട്ടാസ് ഡൽഹിയിലെ പാലം പൊളിച്ച് പേരാവൂരിലേക്ക് വരികയുള്ളൂ എന്നുറപ്പാണ്. പാർട്ടി വരാന്ത നിരങ്ങാതെയും ലോക്കൽ സഖാക്കളുടെ കാലു നക്കാതെയും ജനാധിപത്യത്തിന്റെ മര്യാദകളും ലാളിത്യങ്ങളും കൊണ്ട് തങ്ങൾക്ക് ആവശ്യമായത് നേടിയെടുക്കാൻ സാധിക്കുന്ന വിധമുള്ള ഒരു ജനപ്രതിനിധിയാണ് വേണ്ടതെന്ന് പേരാവൂരിലെ ജനങ്ങൾ വിശ്വസിച്ചാൽ അവർ ഇത്തവണയും വർദ്ധിത ഭൂരിപക്ഷത്തോടെ സണ്ണി ജോസഫിനെ തന്നെ തിരഞ്ഞെടുക്കും. അതല്ല അടിമ രാഷ്ട്രീയത്തിന്റെ ചെരുപ്പ് നക്കലും വാർ കെട്ടുകളും തിരയുന്ന വോട്ടർമാരാണ് പേരാവൂരിൽ ഉള്ളതെങ്കിൽ ഇപ്പോഴുള്ള ഇടത് ഗതികേട് തന്നെയാകും ജനം അനുഭവിക്കേണ്ടി വരിക. അത്തരമൊരു ഗതികേട് പേരാവൂരിലെ ജനങ്ങൾ തലയിലെടുത്ത് വയ്ക്കുമോ? കാത്തിരിക്കാം പേരാവൂർ അങ്കത്തിനായി.
Article by shijina
editor
Britas is just a cover. Dr. Sivadasan will be dropped in Peravoor. CPM-BJP bridge is being prepared in Delhi to face Sunny Joseph





















